എസ്.എഫ്.ഐ. പരിപാടിയിൽ പങ്കെടുത്ത പോലീസുകാരനെതിരേ ഡി.ജി.പിക്ക് പരാതി
പത്തനംതിട്ട: എസ്.എഫ്.ഐ. പരിപാടിയിൽ പങ്കെടുത്ത പോലീസുകാരനെതിരേ ഡി.ജി.പിക്ക് പരാതി. കെ.പി.സി.സി. ജനറൽ സെക്രട്ടറി എ.എ. ഷുക്കൂറാണ് ചെങ്ങന്നൂർ ട്രാഫിക് സ്റ്റേഷനിലെ സി.പി.ഒ. വിവേകിനെതിരേ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്. കഴിഞ്ഞദിവസം രമേശ് ചെന്നിത്തലയെ ഷാൾ അണിയിച്ച പോലീസുകാരെ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് ചെങ്ങന്നൂരിലെ പോലീസുകാരനെതിരേ കോൺഗ്രസ് നേതാവും പരാതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച പന്തളത്ത് എസ്.എഫ്.ഐ. സംഘടിപ്പിച്ച പൂർവകാല പ്രവർത്തകരുടെ കൂട്ടായ്മയിൽ വിവേക് പങ്കെടുത്തുവെന്നാണ് കോൺഗ്രസ് നേതാവിന്റെ പരാതി. ഒരു പോലീസ് ഉദ്യോഗസ്ഥൻ രാഷ്ട്രീയസംഘടനയുടെ പരിപാടിയിൽ പങ്കെടുത്തത് ചട്ടവിരുദ്ധമാണെന്നും പരിപാടിയുടെ വീഡിയോ തങ്ങളുടെ കൈവശമുണ്ടെന്നും പരാതിയിൽ പറയുന്നു. അതേസമയം, ആരോപണവിധേയനായ സി.പി.ഒ. വിവേക് സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞദിവസമാണ് രമേശ് ചെന്നിത്തലയെ ഷാൾ അണിയിക്കുകയും മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം ഫോട്ടോയെടുക്കുകയും ചെയ്ത പോലീസുകാരെ സസ്പെൻഡ് ചെയ്തത്. എറണാകുളം റൂറലിലെയും സിറ്റിയിലെയും പോലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിന് ശേഷം നടപടി സ്വീകരിച്ചത്. അതേസമയം, പോലീസുകാരെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരേ രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ക്യാബിനറ്റ് പദവിയുള്ള തന്നെ പോലീസുകാർ സന്ദർശിച്ചതിൽ എന്താണ് തെറ്റെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.



Author Coverstory


Comments (0)